ഭൂതകാലം എന്നും ഒരു ഭൂതം തന്നെ!
ഭൂതകാലം എന്നും ഒരു ഭൂതം തന്നെ!
കാലങ്ങൾ മൂന്നു വിധം എന്ന് നാം വളരെ ചെറുപ്പത്തിലേ പഠിച്ചതാണ്. ഭൂത കാലം, വർത്തമാന കാലം, ഭാവി കാലം. ഇതെല്ലാം പലപ്പോഴും സ്കൂളിലെ പാഠ പുസ്തകത്തിൽ നിന്നും പഠിച്ചു പരീക്ഷ കഴിയുന്നതോടെ ഉപേക്ഷിക്കപ്പെടുന്ന ഒരു കൂട്ടം അറിവുകളിൽ പെടുന്ന ഒന്നായിരിക്കാം. പക്ഷെ, നമ്മുടെ ഉപബോധ മനസ്സിൽ വരച്ചിട്ട കാലങ്ങളുടെ രേഖാ ചിത്രം എങ്ങനെയാണോ അതുപോലെ ആയിരിക്കും നമ്മുടെ ജീവിതവും, ജീവിത സാഹചര്യങ്ങളും, അനുഭവങ്ങളും.
നമുക്ക് തിരുത്താൻ സാധിക്കാത്തതായ ഒരേ ഒരു കാലം ഭൂത കാലം ആണല്ലോ... ഒരു രക്ഷയും ഇല്ല! നമ്മളിൽ പലർക്കും മറക്കാനും പൊറുക്കാനും പറ്റാത്തതായ പല സംഭവങ്ങളും ഭൂത കാലത്തിൽ ഉണ്ടായിരുന്നിരിക്കാം. അതുപോലെ, അന്ന് വേണ്ട വിധത്തിൽ പ്രതികരിക്കാൻ പോലും പറ്റാതെ നിസ്സഹായാവസ്ഥയിൽ കുടുങ്ങി കിടന്ന സംഭവങ്ങൾ ഓർത്ത് നാം ഇന്നും സ്വയം ശപിക്കുകയോ, മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ നിരന്തരം ചെയ്തുകൊണ്ടും ഇരിക്കുന്നുണ്ടാവാം. നമ്മുടെ ജീവിതത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം നമുക്ക് മാത്രം ആണല്ലോ! ഓരോ സംഭവങ്ങൾക്കു ശേഷം, നാം പോലും അറിയാതെ ഓരോ ജീവിത പാഠങ്ങൾ നമ്മുടെ ഉപബോധ മനസ്സിൽ കുറിച്ചിടുന്നുണ്ട്. അത് എന്തിനെന്നാൽ അടുത്ത രണ്ടു കാലങ്ങൾ ആയ വർത്തമാന കാലത്തിലും, ഭാവിയിലും കൂടുതൽ ഊർജ്ജത്തോടെയും, അനുഭവ സമ്പത്തോടെയും വിജയകരമായി ജീവിതം ജീവിക്കുവാനാണ്.
പക്ഷെ നമ്മളിൽ പലരും അതിനെ തെറ്റായ കാഴ്ചപ്പാടോടെ കണ്ട്, ഭൂതകാലം എന്ന ഭൂതത്തെ കൂട്ടുപിടിച്ചു വർത്തമാന കാലവും, ഭാവിയും ദുസ്സഹമാക്കുന്നു. ഇന്നലെ വരെയുള്ളത് ഭൂതകാലം ആണെന്നും, ഇന്ന് ഞാൻ പുതിയ മനുഷ്യൻ ആണെന്നും ചിന്തിച്ചാൽ അവിടെ തീരും പ്രശ്നങ്ങൾ! ഭൂതകാലത്തിലെ സംഭവങ്ങളും, ജീവിത അനുഭവങ്ങളും കൂട്ടുപിടിച്ചു സ്വന്തം ജീവിതം സ്വയം നശിപ്പിക്കുന്നവർക്കായി ഞാൻ ഒരു ചെറിയ കഥ പറയാം...
*********************************************************************************
കാടിനോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു ഗ്രാമം. കാടും, ഗ്രാമവും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കാൻ ഒന്നും തന്നെയില്ല. ഗ്രാമവാസികൾ കാടുകയറുന്നതും, കാട്ടുവാസികളും, ചില മൃഗങ്ങളും, നാട് കാണാൻ ഇറങ്ങുന്നതും പതിവാണ്.
പരസ്പരം ബഹുമാനിച്ചും, സ്നേഹിച്ചും വസിക്കുന്ന ഒരു കൂട്ടം മനുഷ്യരും, മൃഗങ്ങളും, പ്രകൃതിയും ആണ് ആ ഗ്രാമത്തിന്റെ സമ്പത്ത്. ആ ഗ്രാമത്തിൻറെയും, ഗ്രാമ വാസികളുടെയും നന്മയും, സ്നേഹവും തിരിച്ചറിയാൻ സാധിക്കാത്ത ഒരു നരഭോജിയായ വേട്ട നായ എങ്ങിനെയോ അലഞ്ഞു തിരിഞ്ഞു ആ ഗ്രാമത്തിൽ വന്നു ചേർന്നു. രൂപ ഭാവത്തിലും, പെരുമാറ്റത്തിലും, സാധാരണ ഒരു നായ. എന്നാൽ, മനുഷ്യനെയും, മറ്റു മൃഗങ്ങളെയും ഒളിഞ്ഞു നിന്ന് ആരുമറിയാതെ ആക്രമിച്ചു ഭക്ഷിക്കുന്നതാണ് അതിന്റെ ഒരു രീതി.
നായയെ കണ്ട ഗ്രാമവാസികൾ അതിനു ഭക്ഷണവും, ജലവും നൽകി സ്വീകരിച്ചു. കാട്ടിൽ നിന്ന് വന്നതാണോ, അതോ പുറം നാട്ടിൽ നിന്ന് വന്നതാണോ എന്ന് അറിയില്ല. എവിടെ നിന്ന് വന്നതായാലും, ആ ഗ്രാമത്തിൽ വന്നാൽ, അത് അവരുടെ അതിഥിയാണ്. അതിഥിയെ സ്നേഹത്തോടെ പരിപാലിച്ചേ ശീലിച്ചിട്ടുള്ളു. ആ വേട്ട നായുടെ പൊയ്യ് മുഖം തിരിച്ചറിയാതെ ഗ്രാമവാസികൾ അവരിൽ ഒരാളായി ആ നായയെ കണ്ടു.
ഒരു ദിവസം, കാടു കയറി വിറകു വെട്ടാൻ പോയ മധ്യവയസ്കനായ ദാമുവിൻറെ കൂടെ വേട്ട നായയും കാട്ടിലേക്ക് പോയി. വേട്ട നായുടെ ഉള്ളിലിരുപ്പ് ആർക്കും തന്നെ അറിയില്ല. അഥവാ അറിഞ്ഞാൽ, ഒറ്റയ്ക്ക് നിന്ന് പോരാടാനുള്ള ശേഷി വേട്ട നായയ്ക്കു ഇല്ല താനും. ചുരുക്കത്തിൽ പറഞ്ഞാൽ വേട്ട നായ ഒരു പകൽ മാന്യൻ ആണ്. തൻറെ ഉള്ളിലിരുപ്പ് ആരും അറിയുവാനും പാടില്ല. എന്നാൽ അതെ സമയം രക്ത ദാഹിയും, മാംസ ഭോജിയുമായ തനിക്കു ഇരയെ ഒറ്റയ്ക്ക് കിട്ടുകയും വേണം. അതിനു എന്ത് തന്ത്രവും ആ വേട്ട നായ മെനയും.
അങ്ങനെയിരിക്കെ, കാടിൻറെ ഉൾപ്രദേശത്തു എത്തിയ ദാമുവും വേട്ട നായയും ഒരു നിമിഷം നിന്നു. ദാമു തൻറെ കൈവശം ഉണ്ടായിരുന്ന ഭക്ഷണത്തിൻറെ ഒരു പങ്ക് വേട്ട നായയ്ക്ക് കൊടുത്തുകൊണ്ട്, ബാക്കി സ്വയം ഭക്ഷിച്ചു. എന്നാൽ, വേട്ട നായക്ക് വേണ്ടത് ആ ഉണക്ക കപ്പയും, ചമ്മന്തിയുമല്ല. ദാമുവിന്റെ രക്തവും, മാംസവും തന്നെ ആയിരുന്നു. നായ ചുറ്റിലും നോക്കി. ഒരു മനുഷ്യ കുഞ്ഞു പോലുമില്ല. ഇത് തന്നെ പറ്റിയ സമയം.
ഭക്ഷണം കഴിച്ചതിനു ശേഷം വിറകു വെട്ടലിൽ ഏർപ്പെട്ട ദാമുവിൻറെ കഴുത്ത് ലക്ഷ്യമിട്ടു വേട്ട നായ ചാടി വീണു. നായയുടെ പല്ലു കൊണ്ട് കഴുത്തിൽ ഒരു നേരിയ വര വീണെങ്കിലും ദാമുവിനു കാര്യം പിടികിട്ടിയില്ല. താൻ സ്നേഹത്തോടെ ഭക്ഷണം കൊടുത്തു കൂടെ കൂട്ടിയ ആ പാവം നായ തൻറെ കൂടെ സ്നേഹത്തോടെ കളിക്കുകയാണെന്നാണ് ദാമു കരുതിയത്. എന്നാൽ വേട്ട നായുടെ രണ്ടാമത്തെ ചാട്ടത്തിൽ ദാമുവിന് കാര്യം പിടികിട്ടി. എന്നാൽ, സ്നേഹ സമ്പന്നരായ ഗ്രാമവാസികൾക്ക് വിശ്വാസ വഞ്ചനയേക്കാൾ സഹിക്കാൻ പറ്റാത്തതായി ഈ ലോകത്തിൽ മറ്റെന്തുണ്ട്? ദാമുവിൻറെ ഹൃദയം തകർന്നു പോയി. മരവിച്ച അവസ്ഥ!
അത്തരം ഒരു അവസ്ഥയിൽ മനസ്സ് കൊണ്ടും, ശരീരം കൊണ്ടും പ്രതികരിക്കുക അസാധ്യമാണല്ലോ. ഇപ്പോൾ വേട്ട നായയ്ക്ക് ദാമുവിനെ കൊന്നു രക്തവും, മാംസവും ഭക്ഷിക്കുവാൻ നിസ്സാരമായി സാധിക്കും. ആർത്തികൊണ്ട് കത്തി ജ്വലിച്ച രക്തം, വേട്ട നായുടെ കണ്ണുകളിൽ ഇരുണ്ട രക്ത ഗോളങ്ങളായി കാണാം. സ്വയം, ജയിച്ചു എന്ന അഹങ്കാരത്തോടെ ദാമുവിനെ കൊന്നൊടുക്കാൻ ഒരു പേപ്പട്ടിയെ പോലെ നടന്നടുത്തു.
പ്രപഞ്ചത്തിൻറെ നിയമം വളരെ ലളിതമാണ്. ഏതൊരു കർമ്മത്തിന്റെയും അടിസ്ഥാനം ഉദ്ദേശ ശുദ്ധിയാണ്. ദാമുവിന്റെ ഉദ്ദേശ ശുദ്ധി വളരെ വ്യക്തമാണ്. നിഷ്കളങ്കമായ സ്നേഹം മാത്രമാണ് അവനെ ആ ചതിക്കുഴിയിൽ കൊണ്ട് വീഴ്ത്തിയത്. എന്നാൽ, വേട്ട നായയുടെ ഉദ്ദേശം മറ്റൊരാളുടെ നാശമായിരുന്നു. സ്വന്തം കർമ്മത്തിലെ ഉദ്ദേശ ശുദ്ധിക്ക് അനുസരിച്ചായിരിക്കും കർമ്മ ഫലവും.
അത് കാടാണ്! കാട്ടിലെ മനുഷ്യരും മൃഗങ്ങളും ഇടയ്ക്കിടയ്ക്ക് ഗ്രാമം കണ്ടു മടങ്ങാറുള്ളതുമാണ്. കർമ്മ ഫലം നിശ്ചയിക്കാനും, ശിക്ഷ നടപ്പിലാക്കാനും പ്രപഞ്ചം നേരിട്ട് വരുന്നതാണ്. ചിലപ്പോൾ മനുഷ്യരുടെ രൂപത്തിൽ, ചിലപ്പോൾ മൃഗങ്ങളുടെയോ പക്ഷികളുടെയോ രൂപത്തിൽ.
അങ്ങനെയിരിക്കെ, അതു വഴി വന്ന കാട്ടാന കൂട്ടം അലമുറയിട്ടു ഓടി വന്നു. അവരുടെ ലക്ഷ്യം ദാമുവിനെ രക്ഷിക്കുകയൊന്നുമല്ല. പരസ്പരം പോര് വിളിച്ചു ഇളകി മറഞ്ഞു വരുന്ന വരവാണ്... കാട്ടാന കൂട്ടത്തിന്റെ അലർച്ച കേട്ടതും ദാമു രക്ഷപ്പെടാനുള്ള വഴി നോക്കി.... നേർക്ക് നേർ വരുന്ന എതിരാളികളിൽ നിന്ന് രക്ഷപ്പെടാൻ എല്ലാവർക്കും അറിയാമല്ലോ. പിന്നിൽ നിന്നും കുത്തുന്നവരിൽ നിന്ന് രക്ഷപ്പെടാനല്ലേ പാട്.
ദാമു ഓടി രക്ഷപ്പെടുന്നതിൻറെ ഇടയിൽ തന്നെ ചതിച്ച വേട്ട നായയെ ഒന്ന് തിരിഞ്ഞു നോക്കി... കാട്ടാന കൂട്ടത്തിന്റെ ഇടയിലൂടെ ഓടി രക്ഷപ്പെട്ടു ഉൾ കാട്ടിലേക്ക് പോകുന്നത് കണ്ടു. ഏതായാലും വേട്ട നായുടെ ഉദ്ദേശം ഫലിച്ചതും ഇല്ല, കള്ളി വെളിച്ചത്താവുകയും ചെയ്തു. ഇനി തിരിച്ചു ആ ഗ്രാമ പ്രദേശത്തു കാലു കുത്താൻ പറ്റില്ല. ഇനി പുതിയ താവളം. വേട്ട നായക്കു സ്വന്തം സ്വഭാവം ഒരു കാലത്തും മാറ്റുവാൻ സാധിക്കില്ല. ഇനി പുതിയൊരു സ്ഥലം, അവിടത്തെ ആളുകൾ, വീണ്ടും ചതി... അങ്ങനെ പോകും ആ വേട്ട നായുടെ ജീവിതം. ഒരിക്കൽ ഒരു നാൾ, ഈ പ്രപഞ്ചത്തിന്റെ കൈ ആ വേട്ട നായുടെ ജീവിതത്തിനു മേൽ വിലങ്ങു തടിയായി വീഴുകയും ചെയ്യും. കാരണം, ഉദ്ദേശ ശുദ്ധിയില്ലാത്തവർക്കു അധികകാലം ഈ ഭൂമിയിൽ പിടിച്ചു നില്ക്കാൻ സാധിക്കില്ല. അവരുടെ തനി നിറം ലോകം ഒരു നാൾ തിരിച്ചറിയും.അന്ന് അവരുടെ മേൽ പിടി വീഴും. തീർച്ച!
ഗ്രാമത്തിൽ തിരിച്ചെത്തിയ ദാമു, നടന്ന സംഭവങ്ങൾ നാട്ടുകാരോടൊക്കെ പറഞ്ഞു. ആർക്കും അത് ആദ്യമൊന്നും വിശ്വസിക്കാൻ സാധിച്ചില്ല. കാരണം ആ വേട്ട നായ അതി സമർത്ഥനായിരുന്നു.
ദിവസങ്ങൾ കടന്നു പോയി. നിഷ്കളങ്കമായ സ്നേഹം മാത്രം ശീലിച്ചിട്ടുള്ള ഗ്രാമ വാസികൾക്ക് ഇതൊരു വേദനാജനകമായ സംഭവം ആയിരുന്നു. ദാമു ഓരോ ദിവസവും ആ സംഭവത്തെ കുറിച്ച് ഓർത്തെടുത്തു സ്വയം ദുഃഖിക്കും. ആ സംഭവത്തെ കുറിച്ച് തന്നെ വിവരിച്ചുകൊണ്ട് മറ്റുള്ളവരുടെ നല്ല സമയവും നശിപ്പിച്ചു തുടങ്ങി. അങ്ങനെ ഭൂതമെന്ന ഭൂതകാലത്തെ കൂട്ട് പിടിച്ചു തന്റെ വർത്തമാന കാലവും, ഭാവിയും സ്വയം നശിപ്പിച്ചു തുടങ്ങി. തന്നെ ചതിച്ച ആ വേട്ട നായക്ക് ഇപ്പോൾ എന്ത് സംഭവിച്ചു? അത് മറ്റു ആരെയെങ്കിലും ചതിച്ചു കൊല്ലാൻ ശ്രമിക്കുന്നുണ്ടാവുമോ? തന്നെ ചതിച്ചിട്ടും ആ വേട്ട നായ രക്ഷപ്പെട്ടല്ലോ? ആ കാട്ടാന കൂട്ടത്തിന്റെ ഇടയിൽ പെട്ട് അത് ചത്തിരുന്നെങ്കിൽ തനിക്കു മനസ്സമാധാനം കിട്ടിയേനെ ... എന്നൊക്കെ ചിന്തിച്ചു ദാമു തന്റെ ഓരോ ദിവസവും തള്ളി നീക്കി... അതോടൊപ്പം തന്റെ സന്തോഷങ്ങളും, ജീവിതവും എല്ലാം സ്വയം നശിപ്പിച്ചുകൊണ്ടിരുന്നു......
ശുഭം!
*********************************************************************************
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
നമ്മുടെയെല്ലാം ജീവിതത്തിൽ ഒന്നോ അതിൽ അധികമോ വേട്ട നായ്ക്കൾ വന്നു പോയിട്ടുണ്ടാവാം. അവർ നമ്മുടെ ശരീരത്തിലും, മനസ്സിലും ആഴമുള്ള മുറിവുകൾ തന്നിട്ടുണ്ടാവാം. ആ സംഭവങ്ങൾ നടന്നു കഴിഞ്ഞതാണ്. അതിൽ നിന്നും പ്രപഞ്ചം നമ്മെ മറ്റു മനുഷ്യരുടെയോ, മൃഗങ്ങളുടെയോ രൂപത്തിൽ വന്നു രക്ഷിച്ചതുമാണ്. അത്തരം വേട്ട നായ്ക്കൾ വരച്ചിട്ട മുറിവുകൾ, കാലം എന്ന മരുന്ന് കൊണ്ട് പ്രപഞ്ചം തന്നെ ഉണക്കി തരുന്നതുമാണ്.
ഭൂതകാലത്തിൽ സംഭവിച്ച സംഭവങ്ങൾ ഓർത്ത് സ്വന്തം ജീവിതം നശിപ്പിക്കുന്നവരോട് ഒന്നേ പറയാനുള്ളു. രക്ഷപെട്ടു പോയ വേട്ട നായയെ കുറിച്ച് ആലോചിച്ചു സ്വന്തം വർത്തമാന കാലവും, ഭാവിയും കളയരുത്. അവർ നശിപ്പിക്കാൻ ശ്രമിച്ച നമ്മുടെ ജീവിതം, ഭദ്രമായി നമുക്ക് തിരികെ ഏൽപ്പിച്ച പ്രപഞ്ചം എന്ന ഈശ്വരനെ ഓർക്കുക. ആ ഈശ്വരനായി നമ്മുടെ അരികിൽ ആ സമയത്തു വന്നു രക്ഷിക്കുകയും, സമാധാനിപ്പിക്കുകയും ചെയ്ത മനുഷ്യരെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ഇനിയുള്ള ജീവിതം, ഭൂതകാലമാകുന്ന ഭൂതത്തെ കുഴിച്ചു മൂടി വർത്തമാന കാലത്തേ സ്നേഹത്തോടെ പുണരുക. ഭാവി ഭദ്രമായിരിക്കും!
നമ്മെ ആപത് ഘട്ടത്തിൽ സഹായിക്കുകയും രക്ഷിക്കുകയും ചെയ്തവർക്ക് നൽകുന്നതിനേക്കാൾ കൂടുതൽ വിലയും, സമയവും, മൂല്യവും നമ്മെ ദ്രോഹിച്ചവർക്കു നൽകുമ്പോൾ ആണ് നാം വേദനിക്കേണ്ടി വരുന്നത്. നമ്മെ ദ്രോഹിച്ചവരിൽ നിന്ന് നമ്മെ രക്ഷിക്കാൻ പ്രപഞ്ചത്തിനു സാധിക്കുമെങ്കിൽ, അവർക്കു അർഹിക്കുന്ന ശിക്ഷ നൽകുവാനും അതേ പ്രപഞ്ചത്തിനു സാധിക്കും. മറ്റൊരു മനുഷ്യന്റേയോ മൃഗത്തിന്റേയോ രൂപത്തിൽ ഈശ്വരൻ തന്നെ ആ കർമ്മം ചെയ്തുകൊള്ളും.
നാം ചെയ്യേണ്ടത് ഇത്ര മാത്രം. തിരിച്ചു കിട്ടിയ അമൂല്യമായ ജീവിതം ആസ്വദിച്ചു ജീവിക്കുക. നാം നമ്മുടെ ജീവിതത്തിൽ വിജയിച്ചു കാണിക്കുകയും, സന്തോഷത്തോടെ ജീവിച്ചു കാണിക്കുകയുമാണ് നമ്മെ ദ്രോഹിച്ചവർക്കു കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ. അതിനു സ്വയം ഇരയായി മാറാതെ, സ്വന്തം ജീവിതത്തിന്റെ രക്ഷകൻ ആകുവാൻ ശ്രമിക്കുക.
നന്ദി,
രുദ്ര,
(രമ്യ മനോജ് )

നന്നായിട്ടുണ്ട്.. രമ്യ.. ഇതിനെ പെറ്റി പറയുകയാണെങ്കിൽ.. ചിലർ.. കഴിഞ്ഞ കാലത്തിലെ അവരുടെ മോശമായ അനുഭവങ്ങൾ പൊടിതട്ടി എടുത്തു.. അതിലൂടെ മാത്രമേ.. എന്റെ ജീവിതം മുന്നോട്ടു പോകു എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും..അങ്ങിനെ ഉള്ളവർക്ക് നല്ല നാളേക്കുള്ള കാര്യങ്ങൾ ചിന്തിക്കാനുള്ള ഒരു കീ ആണ്.. ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ..
ReplyDeleteThank You so much for reading!
Delete