പ്രപഞ്ചത്തിൻറെ കോടതി




(DISCLAIMER:  ഈ കഥയിൽ സൂചിപ്പിച്ചിട്ടുള്ള കഥാ സന്ദർഭങ്ങളും, കഥാപാത്രങ്ങളും, സാങ്കൽപ്പീകം ആണെന്നും, ഇതിൽ വ്യക്തമാക്കിയിട്ടുള്ള ആശയങ്ങൾ ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നും വ്യക്തമാക്കുന്നു. കുട്ടിക്കാലത്തു കേൾക്കുന്ന മുത്തശ്ശി കഥകൾ കേൾക്കുന്ന ലാഘവത്തോടെ വായിക്കുകയും, ആശയം മാത്രം ഉൾക്കൊള്ളുകയും ചെയ്യണമെന്നു  അഭ്യർത്ഥിക്കുന്നു. )


പ്രപഞ്ചത്തിൻറെ കോടതി


നാല് മാസങ്ങൾക്കു മുൻപ്, ഒരു കോടതി മുറ്റം. കുറ്റകൃത്യങ്ങൾ ചെയ്തു വിലങ്ങണിഞ്ഞ  കുറ്റവാളികളോ, അവരെ ആട്ടി തെളിച്ചു കൊണ്ട് വരുന്ന പോലീസോ, വാദ-പ്രതിവാദങ്ങളിൽ ഏർപ്പെടുന്ന വക്കീലന്മാരോ, ആൾക്കൂട്ടമോ  ഒന്നും തന്നെ ഇല്ല. ശാന്തം... കോടതിക്ക് അകത്തും, പുറത്തും നിശബ്ദത മാത്രം. ഇത് ഭൂമുഖത്തുള്ള സാധാരണ കോടതിയല്ല. ഇവിടെ കൃത്രിമ തെളിവുകൾ സൃഷ്ടിക്കാനാവില്ല. ആരെയും ഭയപ്പെടുത്തി കള്ള സാക്ഷിയാക്കുവാനും സാധിക്കില്ല. നടക്കുന്ന സംഭവങ്ങൾ ലൈവായി കണ്ടുകൊണ്ടിരിക്കുന്ന കോടതിയാണത്... പ്രപഞ്ചത്തിന്റെ കോടതി!

നൂറു ശതമാനം, നീതി നടപ്പിലാക്കാനായി പ്രപഞ്ചമെന്ന ന്യായാധിപൻ ഇരിപ്പുണ്ട്. അൽപ്പം ഗൗരവത്തിൽ ആണ് അദ്ദേഹം. കാര്യങ്ങൾ അത്രമേൽ കൈവിട്ടു പോയിരിക്കുന്നു. ക്ഷമയ്ക്കും ഒരു അതിരില്ലേ എന്ന ചിന്ത ആ മുഖത്തു വ്യക്തമാണ്. ഈ പ്രപഞ്ചത്തിനു ഒരു നിയമം ഉണ്ട്. അത് ഏതു വംശത്തിനും ബാധകം ആണ്. കോടതി മുറിക്കു പുറത്ത്, തന്റെ വിളിക്കായി കാതോർത്ത് നിൽക്കുന്ന പരാതിക്കാരെ കുറിച്ച് ഒരു നിമിഷം ഓർത്തു. പരാതി കേൾക്കുന്നതിന് മുൻപ്, അവർ ചെയ്ത കാര്യങ്ങൾ ഒന്ന് റീവൈൻഡ് ചെയ്തു നോക്കണം. പറയുന്നതിൽ കള്ളങ്ങൾ ഉണ്ടെങ്കിൽ സ്പോട്ടിൽ പൊക്കി പുറത്തേക്കു എറിയണം. തെറ്റിദ്ധാരണകൾ പരത്താൻ ഞാൻ ഒരു തരത്തിലും സമ്മതിക്കില്ല- പ്രപഞ്ചം സ്വയം പറഞ്ഞു. ഭൂമിയിൽ നിന്നാണ് ഇത്തവണ പരാതിക്കാർ. ഭൂമിയിൽ ഉള്ളവർക്ക് അല്ലെങ്കിലും പരാതി ഒഴിഞ്ഞ നേരം ഇല്ലല്ലോ... കിട്ടിയ നന്മയെ ചൊല്ലി ഒരു നന്ദി വാക്ക്? അത് ഒരിക്കലും ഇങ്ങോട്ടു കേൾക്കാറില്ല...

ഭൂമി ജനിച്ചു വീണപ്പോൾ.. ആഹാ!.. എത്ര സുന്ദരമായിരുന്നു! അവൾക്കു തുണയായി പ്രകൃതിയെ കൂടി സമ്മാനിക്കാം എന്ന് കരുതി. എത്ര കാലം ഒരു കൂട്ടില്ലാതെ ജീവിക്കും. ജീവിതത്തിനു ഒരു ഓളം ഒക്കെ വേണ്ടേ? ഭൂമിയും അത് ആഗ്രഹിക്കുന്നുണ്ട് എന്ന് മനസ്സിലായി. പക്ഷെ പ്രകൃതിയെ എങ്ങനെ സൃഷ്ടിക്കും? ഇപ്പോൾ, ഭൂമിയും മറ്റു നവജാത ശിശുക്കളായ, മാർസ്, ജൂപിറ്റർ, വീനസ് തുടങ്ങിയവരുമായി ഒരു വ്യത്യാസവുമില്ല. എല്ലാവരും ഒരുപോലെ ഇരിക്കുന്നു. പക്ഷെ ഭൂമിയിൽ നിന്ന് മാത്രം ഒരു നിഷ്കളങ്കമായ പുഞ്ചിരി... എന്തോ ഒരു പ്രത്യേക വാത്സല്യം തോന്നി... അതുകൊണ്ടാവാം... അവൾക്കു തുണയായി പ്രകൃതിയെ കൂടി സമ്മാനിക്കാം എന്ന് ഞാൻ വിചാരിച്ചത്. അവളുടെ മുഖത്തെ ഈ പുഞ്ചിരി എന്നും എനിക്ക് കാണണം - പ്രപഞ്ചം ഓർത്തെടുത്തു...

പ്രപഞ്ചം ഓർമ്മയുടെ ആഴത്തിലേക്ക് മയങ്ങി...

ധൃതി പിടിച്ചു, കടമ തീർക്കാൻ എന്ന പോലെ ഒരു പ്രകൃതിയെ സൃഷ്ടിച്ചു ഭൂമിക്കു സമ്മാനിക്കാനാവില്ല. അത് വളരെ സൗന്ദര്യമുള്ളതും, പ്രത്യേകതകൾ നിറഞ്ഞതും ആവണം. പ്രപഞ്ചം തന്റെ സർഗ്ഗാത്മകത മുഴുവൻ ഈ അവസരത്തിൽ പ്രയോഗിക്കാൻ തീരുമാനിച്ചു... ആദ്യമായി ജീവന്റെ തുടിപ്പ് ഭൂമിയിൽ ഉണ്ടാവണം. അതിനു ഭൂമിയിൽ അത്യാവശ്യമായി വേണ്ടത്, ജലവും വായുവും ആണ്.. എന്നാ പിന്നെ സമയം വൈകിക്കേണ്ട.. ദാ.. പിടിച്ചോ... ജലവും, വായുവും. ഭൂമിയിൽ ആണെങ്കിൽ, എവിടെ കൂട്ടി ഉരസ്സിയാലും അഗ്നിയാണ്.. അനാവശ്യ തീപിടുത്തങ്ങൾ ഒഴിവാക്കാൻ പ്രകൃതിക്കെ കഴിയൂ. അങ്ങനെ മൂന്നു വംശങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രകൃതിയെന്ന സമ്മാനം ഭൂമിക്കു നൽകാം എന്നായി. ചെറിയ ചെടികൾ തൊട്ടു വൻ  വൃക്ഷങ്ങൾ വരെ അടങ്ങുന്ന ജൈവ വംശം (Plant Kingdom), ചെറു പ്രാണി മുതൽ, സർവ്വ പക്ഷികളും, മൃഗങ്ങളും അടങ്ങുന്ന മൃഗ വംശം (Animal Kingdom), ബുദ്ധിയും, ബോധവും, സർഗ്ഗാത്മകതയും ധാരാളമായി നൽകികൊണ്ട് എല്ലാ മനുഷ്യരെയും ഉൾകൊള്ളുന്ന മനുഷ്യ വംശം (Human Kingdom ) എന്നിവ സൃഷ്ടിച്ചുകൊണ്ട്... അതിമനോഹരമായ ഒരു പ്രകൃതിയെ സൃഷ്ടിച്ചു ഭൂമിക്കു സമ്മാനിച്ചു..


പ്രകൃതിയെ സമ്മാനിക്കുമ്പോൾ ഓരോ വംശത്തോടും, ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളെ കുറിച്ച് ഓരോന്നായി പറഞ്ഞു കൊടുത്തിരുന്നു. മൂന്നു വംശത്തിനും, ഭൂമിയിൽ ഒരേ സ്ഥാനവും അവകാശവും ആയിരിക്കും. ആരും വലുതുമല്ല, ചെറുതുമല്ല. മൂന്ന് വംശത്തിൽ ഉൾപ്പെടുന്നവരും തുല്യരാണ്. അതേ സമയം, അവരവരുടെ പ്രവൃത്തികൾ അവരെ വ്യത്യസ്തരാക്കുകയും ചെയ്യും... ഇങ്ങനെ ഒരു എഗ്രിമെന്റ് ഞാൻ വെച്ചിരുന്നത് ഭൂമിയിലുള്ള വംശങ്ങൾ മറന്നു എന്ന് തോന്നുന്നു.. ഞാൻ ഉണ്ടാക്കിയ വംശങ്ങൾക്കു പുറമെ മനുഷ്യ വംശം അവരുടേതായ രീതിയിൽ കുറെ ഏറെ വംശങ്ങൾ ഉണ്ടാക്കിയിരിക്കുന്നു... എന്ത് പറയാൻ? ബുദ്ധി ആവശ്യത്തിലധികം കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു.. പ്രപഞ്ചം സ്വയം കുറ്റപ്പെടുത്തി.


ഏതായാലും ഭൂമിയുടെ പുഞ്ചിരി കാണാനായി ഞാൻ സമ്മാനിച്ച പ്രകൃതി തന്നെ അവളുടെ സങ്കടത്തിനു കാരണമായി മാറി. എവിടെയോ ഒന്ന് പാളി. പ്രകൃതിയിൽ ഞാൻ സെറ്റ് ചെയ്ത സോഫ്റ്റ് വെയറിൽ എവിടെയാണ് സ്ക്രിപ്റ്റ് മാറി പോയത്? ആലോചിച്ചിരുന്നു സമയം പോയി.. പരാതിക്കാർ കോടതി മുറിയുടെ പുറത്തു കാത്തു നിൽക്കുകയാണ്. അവരുടെ പരാതി കേൾക്കാം... കുറച്ചു കാലമായി... അല്ല വർഷങ്ങളായി  ആ വംശജർ പരാതിയും കൊണ്ട് എന്നെ സമീപിക്കുന്നു. ഇന്ന് ഒരു തീരുമാനം ഉണ്ടാക്കി കൊടുക്കണം. പ്രപഞ്ചം ഉറപ്പിച്ചു.

പ്രപഞ്ചത്തിന്റെ വിളി കേട്ട ഉടനെ പരാതിക്കാർ ഓരോരുത്തരായി,  അവശനിലയിൽ കോടതി മുറിയിലേക്ക് കടന്നു വന്നു. ആദ്യമായി കടന്നു വന്നത് പടുകിഴവനായ ആൽമരത്തിന്റെ ആത്മാവാണ്. ആൽമരം സ്വയം പരിചയപ്പെടുത്തി.

ആൽമരം: "പ്രഭോ.. ഞാൻ ജൈവ വംശത്തെ പ്രതിനിധീകരിച്ചു വന്നതാണ്.. ഇന്നലെയാണ് ഞാൻ കടപുഴകി വീണ് മൃത്യു വരിച്ചത്. ഞാൻ പടുകിഴവനായി, ഭൂമിയിൽ ഏറെ കാലം ജീവിച്ചിട്ടാണ് മരിച്ചത്.. എന്നാൽ.. ഞാൻ ജീവിച്ചിരിക്കെ തന്നെ എന്റെ വംശത്തിലെ, നവജാത ശിശുക്കൾ തൊട്ടു, ബാലികാ- ബാലന്മാർ, യൗവനത്തിൽ ഉള്ളവർ എന്നിവർ ഒക്കെ ഒരു തെറ്റും ചെയ്യാതെ തന്നെ വധിക്കപെടുന്നത് കണ്ടു നിൽക്കേണ്ടി വന്നിട്ടുണ്ട്. വളരെ അധികം സങ്കടം തോന്നിയിട്ടുണ്ട്. അങ്ങേയ്ക്കു അറിയാമല്ലോ.. ജന്മനാ തന്നെ ചലന ശേഷിയോ, സംസാര ശേഷിയോ ഇല്ലാത്തവർ ആണ് ഞങ്ങൾ ജൈവ വംശം. അവർ ചെയ്യുന്ന കൊള്ളരുതായ്മകൾ ഞങ്ങൾക്ക് കണ്ടു നിൽക്കാൻ അല്ലാതെ എന്ത് ചെയ്യാൻ സാധിക്കും. സ്വാർത്ഥ താത്പര്യത്തിനായി അവർ ഞങ്ങളെ ഉപദ്രവിച്ചു... ഉപയോഗിച്ചു ... എന്നിട്ടും അവർ അഹങ്കാരത്തോടെ ജീവിക്കുന്നു.

എന്റെ പൂർവ്വികരിൽ പലരും ഇതേ പരാതി പറഞ്ഞു ഇവിടെ വന്നിട്ടുണ്ടാകും. ക്രൂര പ്രവൃത്തികൾ കണ്ടിട്ടും, എന്തുകൊണ്ടാണ് അങ്ങ് ഞങ്ങൾക്ക് നീതി നടപ്പാക്കി തരാത്തത്? മൂന്ന് വംശത്തിനും തുല്യ അവകാശവും, അധികാരവും അല്ലെ അങ്ങ് നൽകിയത്? അവർ നിയമം പാലിക്കാതെ ഏവരെയും ഉപദ്രവിച്ചു സന്തോഷത്തോടെ ജീവിക്കുന്നു. ഞങ്ങൾ എല്ലാത്തിനും ഇര ആകേണ്ടി വരുന്നു. ഇതെന്തു ന്യായം?


പ്രപഞ്ചം: " പ്രിയപ്പെട്ട ആൽമരമേ.. നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണ്. നിങ്ങള്ക്ക് ഇത്രയും കാലം ഭൂമിയിൽ ജീവിച്ചതിന്റെ അനുഭവം ഉണ്ട്. ആരാണ് നിങ്ങളെ യഥാർത്ഥത്തിൽ ഉപദ്രവിക്കുന്നത്?"

ആൽമരം: "പ്രഭോ... ഞാൻ ഒരു ആൽമരം ആയതു കൊണ്ടും, എന്നിൽ നിന്നും ഓക്സിജൻ ലഭിക്കും എന്ന ധാരണ ഉള്ളതുകൊണ്ടും, ചിലർക്ക് ഞാൻ ദൈവീകമായ ഒരു വൃക്ഷം ആയതുകൊണ്ടും അവർ എന്നെ ജീവിക്കാൻ അനുവദിച്ചു. പക്ഷെ, മറ്റു ചെടികളുടെയും, വൃക്ഷങ്ങളുടെയും കാര്യം അതല്ല. ജീവിച്ചു കൊതി തീരും മുൻപേ, ഒരു ദയയും കൂടാതെ അവരെ കൊന്നൊടുക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അവരുടെ മാതാപിതാക്കളും, കൂട്ടുകാരും ഒന്ന് കരയാനോ, ചലിക്കാനോ, പ്രതിരോധിക്കാനോ ആവാതെ വീർപ്പുമുട്ടി നിന്നിട്ടുണ്ട്. അങ്ങ് സൃഷ്‌ടിച്ച മനുഷ്യ വംശമാണ് എല്ലാത്തിനും കാരണം.. അവർക്കു തീരെ ദയയും, സ്നേഹവും ഇല്ലാതായിരിക്കുന്നു. അവർക്കു ഭൂമിയോടൊ, പ്രകൃതിയോടോ സ്നേഹമില്ല. പ്രപഞ്ച നിയമങ്ങൾ ഒന്നും തന്നെ പാലിക്കുന്നും ഇല്ല. അങ്ങ് വിചാരിച്ചാൽ ആ വംശത്തെ അങ്ങ് തീർക്കാൻ സാധിക്കില്ലേ? ഭൂമിക്കു സമാധാനം ലഭിക്കും."

പ്രപഞ്ചം ഉടനെ തന്നെ അടുത്ത പരാതിക്കാരനെ വിളിച്ചു... മൃഗ വംശത്തെ പ്രതിനിധീകരിച്ചു രണ്ടു പേരാണ് വന്നത്. ഒരു കുരങ്ങനും, ഒരു കാക്കയും!

കുരങ്ങൻ: "പ്രഭോ.. ഞാൻ മൃഗങ്ങളെ പ്രതിനിധീകരിച്ചാണ് വന്നത്. ഞങ്ങൾ എല്ലാവരും ഇന്നലെ മരണമടഞ്ഞവർ ആണ്. അനേകം സഞ്ചാരികൾ തിങ്ങി പാർക്കുന്ന ഒരു സ്ഥലത്തു, എന്തെങ്കിലും ഭക്ഷണം കിട്ടുമോ എന്നോർത്തു പോയതാ... അവിടെ മനുഷ്യ വംശത്തിലുള്ള കുറെ പേർ എന്നെ കളിയാക്കി എന്തൊക്കെയോ ഗോഷ്ടികൾ കാണിക്കുന്നുണ്ടായിരുന്നു. വിശന്നു കുടലുമാല കത്തിയെരിയുമ്പോൾ, ഓരോരുത്തർ വന്നു ഭക്ഷണം തരുന്ന പോലെ കാണിക്കും, എന്നിട്ടു തരാതെ പറ്റിക്കും. അങ്ങനെ ചിലർ! പിന്നെ കുറേ പേർ എന്നെകൊണ്ട് പല അഭ്യാസങ്ങളും ചെയ്യിപ്പിച്ചു.. ചിലർ എന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തു. എന്നിട്ടു എന്നെ കളിയാക്കി വീണ്ടും ഗോഷ്ടി കാണിക്കും. വിശന്നു പൊരിയുന്ന എന്റെ അവസ്ഥ അവർ എന്താണ് മനസ്സിലാക്കാത്തത്? അവർക്ക് വിശപ്പ് എന്താണെന്നു അറിയില്ലേ?"

"പ്രഭോ. മനുഷ്യ വംശം മൂലം മരിക്കുന്ന പക്ഷികളും, മൃഗങ്ങളും, വൃക്ഷങ്ങളും ഏറെയാണ്. ദിവസവും എത്രെ പേരെയാണ് ഒരു ദയയും കൂടാതെ കൊന്നൊടുക്കുന്നത്? അവർക്കു അത് ഒരു വിനോദമാണ്. ഞങ്ങൾ മൃഗ വംശത്തിൽ ഉള്ളവർ പ്രപഞ്ച നിയമത്തെ അനുസരിച്ചാണ് ജീവിക്കുന്നത്. ഞങ്ങൾ ശക്തനായി കരുതി ആദരിക്കുന്ന സിംഹം പോലും, വിശപ്പടക്കാൻ മാത്രമേ മറ്റൊരു മൃഗത്തെ കൊല്ലുന്നുള്ളു. . വിനോദത്തിനും, സ്വന്തം രുചിയേയും ആർത്തിയെയും തൃപ്തിപ്പെടുത്താനായി, മൃഗ വംശത്തിൽ ഉള്ളവർ ആരെയും കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യാറില്ല. എന്നാൽ, മനുഷ്യ വംശം അങ്ങനെ അല്ല. ഭൂമിക്കു സമാധാനം ലഭിക്കാനായി മനുഷ്യവംശത്തെ ഇല്ലാതാക്കിക്കൂടെ പ്രഭോ..."

പക്ഷികളെ പ്രതിനിധീകരിച്ചു വന്ന കാക്ക വാചാലയായി:

കാക്ക : "അതെ .. പ്രഭോ... ഞാൻ ഭൂമിയിലെ അഴുക്കുകൾ നീക്കം ചെയ്യുന്നവൾ ആണ്. എന്നാൽ, ഇന്ന് മനുഷ്യ വംശം ഭൂമിയെയും, പ്രകൃതിയെയും, നിയന്ത്രിക്കാനാവാത്ത വിധം മലിനമാക്കിയിരിക്കയാണ്. ഞങ്ങൾ മൃഗ വംശത്തിനും, ജൈവ വംശത്തിനും കൂടി അവകാശപ്പെട്ട വായുവും, ജലവും മലിനീകരിച്ചു, അവർ മാത്രം അവയെല്ലാം എന്തൊക്കെയോ വിദ്യകൾ ഉപയോഗിച്ച് ശുദ്ധീകരിച്ചു ഉപയോഗിക്കുന്നു. ഇത് സ്വാർത്ഥതയും അഹങ്കാരവും അല്ലെ? അതും പോരാതെ, പക്ഷി - മൃഗാദികളെയും, ഇഴ ജന്തുക്കളെയും ഒരു ദയയും കൂടാതെ കൊന്നൊടുക്കി ജീവനോടെയും, പച്ചക്കും, വേവിച്ചും, മസാല തേച്ചും, അവരുടെ ആർത്തിയെ തൃപ്തിപ്പെടുത്താനായി തിന്നുന്നു.

ഞങ്ങളിൽ ഓരോരുത്തരെയും അവർ വായുവും, ജലവും തരാതെ  പീഡിപ്പിക്കുകയും, കൊല്ലാതെ കൊല്ലുകയും  ചെയ്യുന്നു. അവർ ഉപേക്ഷിച്ച, ചീഞ്ഞു അളിഞ്ഞ ഭക്ഷണം പോലും ഇന്ന് വിശ്വസിച്ചു കഴിക്കാൻ പറ്റില്ല. അതിലെ പ്ലാസ്റ്റിക് തൊണ്ടയിൽ കുരുങ്ങിയാണ് എന്റെ വംശത്തിൽ ഉള്ളവർ പലരും മരിച്ചത്. "

ഇത് കേട്ട് ആവേശം കൊണ്ട കുരങ്ങൻ പറഞ്ഞു:

കുരങ്ങൻ: "അതെ, പ്രഭോ... മനുഷ്യ വംശം സ്വാർത്ഥരാണ്. അവർ ഭൂമി മൊത്തം കയ്യടക്കി വെച്ചിരിക്കുകയാണ്. അവരെ പേടിച്ചു, ഞങ്ങൾ ഞങ്ങളുടെ താവളങ്ങളിൽ ഒതുങ്ങി കൂടേണ്ട അവസ്ഥയാണ്."

ആൽമരം: "പ്രഭോ... അവർ ഞങ്ങളോട് ചെയ്തതിനൊക്കെ അനുഭവിക്കണം... അവർക്കു വേണ്ട ഓക്സിജൻ നൽകിയ എന്നെ പോലും അവർ എത്രയോ തവണ വേദനിപ്പിച്ചിട്ടുണ്ട്! ആ വംശത്തെ മുഴുവനും ഭൂമിയിൽ നിന്നും ഒഴിവാക്കിയാലേ,  ഭൂമിക്കു ശാന്തി ലഭിക്കൂ.. പ്രകൃതി പഴയ പടി ആവൂ..."

ഇതെല്ലം കേട്ട് നിന്ന പ്രപഞ്ചം സങ്കടത്തോടെ പരാതിക്കാരെ നോക്കി.. സഹതാപവും, കരുണയും ആ കൺകളിൽ കാണാം. അതേ സമയം, മനുഷ്യ വംശം ചെയ്തു കൂട്ടിയ അപരാധങ്ങൾ സഹിക്കാനും ആവുന്നില്ല.

പ്രപഞ്ചം :   " പ്രിയപ്പെട്ടവരേ... നിങ്ങളുടെ സങ്കടം എനിക്ക് മനസ്സിലാവുന്നുണ്ട്. മനുഷ്യ വംശം പ്രപഞ്ച നിയമങ്ങൾ എല്ലാം തെറ്റിച്ചാണ് ഭൂമിൽ ജീവിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. ക്ഷമയ്ക്കും ഒരു അതിരുണ്ട്. അവർ നന്ദിയില്ലാത്തവർ ആയി മാറിയിരിക്കുന്നു.. അവർക്കു ജീവനും, ശരീരവും നൽകിയ ഭൂമിയെ അവർ മറന്നു, അവരെ വളർത്തിയ പ്രകൃതിയെ അവർ മറന്നു. അവർക്കു നന്ദിയില്ല. അവർ തീർച്ചയായും ശിക്ഷ അർഹിക്കുന്നുണ്ട്. പക്ഷെ, നിങ്ങൾ പറയുന്നത് പോലെ മനുഷ്യ വംശത്തെ മുഴുവൻ ഭൂമിയിൽ നിന്നും തുടച്ചു മാറ്റാൻ സാധ്യമല്ല. ഭൂമിയുടെയും, പ്രകൃതിയുടെയും നിലനിൽപ്പിനു നിങ്ങൾ മൂന്നു വംശങ്ങളും അത്യാവശ്യമാണ്. എന്നാൽ, മനുഷ്യ വംശം ചെയ്ത തെറ്റിന് ശിക്ഷ കൊടുത്തേ മതിയാവൂ.. നിങ്ങൾ പറയു... എന്ത് ശിക്ഷയാണ് അവർക്കു ഞാൻ കൊടുക്കേണ്ടത്?

ആൽമരം: "ചലിക്കാനാവാത്ത ഞങ്ങളെ അവർ കുറെയേറെ ഉപദ്രവിച്ചു.. കുറെ നാൾ അവർക്കും ചലിക്കാൻ ആവാതെ, ഞങ്ങൾ അനുഭവിച്ച നിസ്സഹായാവസ്ഥ അവരും അനുഭവിക്കണം. ഒന്ന് പ്രതിരോധിക്കാൻ കൂടി സാധിക്കരുത്."

കുരങ്ങൻ: "അതെ.. അവരെ പേടിച്ചു ഞങ്ങൾ എങ്ങനെ ഒതുങ്ങി കൂടി ജീവിച്ചോ... അതുപോലെ അവരും ഭയം കൊണ്ട്... സ്വന്തം മാളങ്ങളിൽ ഒതുങ്ങി കൂടണം."

കാക്ക: " ഇത്രയും കാലം ഞങ്ങൾ അനുഭവിച്ച ദുരിതങ്ങൾ അവരും അനുഭവിക്കണം. തെറ്റ് ചെയ്യാതെ തന്നെ കൊല്ലപ്പെടുന്നതിൻറെ വേദന അവർ മനസ്സിലാക്കണം."

ഇത്രയും കേട്ട പ്രപഞ്ചം ഒരു കടുത്ത തീരുമാനം തന്നെ എടുത്തു:

പ്രപഞ്ചം: "മനുഷ്യ വംശമേ... കാലങ്ങളായി.. നിന്നെ കുറിച്ചുള്ള പരാതികൾ കേട്ട് മടുത്തു... നിനക്കു ഞാൻ ശിക്ഷ വിധിക്കുന്നു... നീ വലിയ സംഭവമാണെന്ന ചിന്ത നിനക്കുണ്ട്. എന്നാൽ, നിന്റെ നാശത്തിനു കാരണമാകാൻ പോകുന്നത്, നീ നിസ്സാരമായി  കരുതുന്ന.. നിന്നേക്കാൾ  എത്രയോ മടങ് ചെറുതായ ഒരു അണു കാരണമാവും... ആ കീടാണു... നിന്റെ വംശത്തെ തന്നെ ഇല്ലായ്മ ചെയ്യാൻ പ്രാപ്തി ഉള്ളതായി വളരും. നിന്റെ വംശത്തിന്റെ നാശത്തിനായി നീ തന്നെ കാരണമാകും. ഇത്രയും കാലം മനുഷ്യ വംശം മൂലം ജൈവ വംശവും, മൃഗ വംശവും അനുഭവിച്ച ദുരിതങ്ങൾ നീ അനുഭവിച്ചറിയും. "


ഇത്രയും പറഞ്ഞു വിധി കൽപ്പിച്ചുകൊണ്ട്, പ്രപഞ്ചം പരാതിക്കാരോട് പറഞ്ഞു:

പ്രപഞ്ചം : "പ്രിയപ്പെട്ടവരേ... നിങ്ങളുടെ വംശത്തിനു ഇനി നല്ല നാളുകൾ ആണ്. മനുഷ്യൻ അവന്റെ താവളങ്ങളിൽ ഒതുങ്ങി കൂടുമ്പോൾ, നിങ്ങള്ക്ക് നിങ്ങളുടെ പഴയ പ്രകൃതിയെയും, ഭൂമിയെയും തിരിച്ചു കിട്ടുന്നതാണ്. ശുദ്ധമായ വായു ശ്വസിച്ചു, ശുദ്ധമായ ജലം കുടിച്ചു... നിങ്ങള്ക്ക് ജീവിക്കാം. മനുഷ്യ വംശം അവന്റെ ശിക്ഷയുടെ കാലയളവ് തീരുമ്പോഴേക്കും, അവർ ചെയ്ത തെറ്റുകൾ മനസ്സിലാക്കും എന്ന് കരുതുന്നു. അങ്ങനെ അവർ തന്നെ തെറ്റ് തിരുത്തി.. നിങ്ങളോടു സൗഹൃദം പുലർത്തി... എല്ലാവർക്കും തുല്യ അവകാശവും, നീതിയുമാണെന്നു മനസ്സിലാക്കി ജീവിക്കട്ടെ.

ഇനിയും മനുഷ്യ വംശം തന്റെ തെറ്റുകൾ മനസിലാക്കിയില്ലെങ്കിൽ... അവർ അവരുടെ വംശത്തിൻറെ  തന്നെ  വൻ നാശത്തിനു വഴി ഒരുക്കുന്നതാണ്...

കോടതി പിരിച്ചു വിട്ടു... പ്രപഞ്ചമെന്ന ന്യായാധിപൻ ശിക്ഷ നടപ്പിലാക്കുകയും ചെയ്തു... മനുഷ്യ വംശത്തിൽ ചിലരെങ്കിലും സ്വന്തം തെറ്റുകൾ മനസിലാക്കി ഭൂമിയോടും, പ്രകൃതിയോടും, ജൈവ വംശത്തോടും, മൃഗ വംശത്തോടും ഇങ്ങനെ പറഞ്ഞു:

"പ്രിയപ്പെട്ട ഭൂമി ദേവി, പ്രകൃതി ദേവി, ജൈവ വംശമേ, മൃഗ വംശമേ... ഞങ്ങൾ മനുഷ്യ വംശം നിങ്ങളോടു ചെയ്ത തെറ്റുകൾ മനസ്സിലാക്കുന്നു... എല്ലാ തെറ്റിനും ക്ഷമ ചോദിക്കുന്നു. ഞങ്ങളോട് ക്ഷമിക്കണം. നിങ്ങൾക്കും ഞങ്ങൾക്കും ഇടയിൽ ശാന്തിയും, സമാധാനവും, സമത്വവും, സൗഹൃദവും ഉണ്ടാവട്ടെ..."


ഇതൊന്നും മനസ്സിലാവാതെ ഇപ്പോഴും, താൻ എന്തോ വലിയ സംഭവമാണെന്ന് സ്വയം വിശ്വസിച്ചു... ആരോടും ക്ഷമ ചോദിക്കാതെ, നന്ദി അറിയിക്കാതെ.. അഹങ്കാരത്തിൻറെ തലക്കനവും കൊണ്ട് ചിലർ വീടുകളിൽ ചടഞ്ഞു അങ്ങനെ ഇരിക്കുന്നു... അവർക്കുള്ള മുന്നറിയിപ്പ് പ്രപഞ്ചം നൽകിയിട്ടുണ്ട്... ഭാവിയിൽ നടപ്പിലാക്കാൻ....


ശുഭം......

സ്നേഹപൂർവ്വം,
രമ്യ മനോജ്.


Comments

  1. ഗംഭീരം തുടർന്നും എഴുതുക , എല്ലാ ആശംസകളും

    ReplyDelete
  2. Really great..remya.. സത്യത്തിൽ ഇതു ഒരു തിരിച്ചറിവാണ്.. എല്ലാവർക്കും.. എന്നിട്ടും സ്വാർത്ഥ താൽപര്യങ്ങൾക്കായി.. തെറ്റിന്റെ പാത മാത്രം തെരഞ്ഞെടുക്കാൻ.. ആർത്തിയോടെ നിൽക്കുന്ന ഒരു കൂട്ടം ജനങ്ങൾ..

    ReplyDelete
  3. Good thought and very well written !

    ReplyDelete

Post a Comment

Popular posts from this blog

രക്തപുഷ്പങ്ങൾ

ഭൂതകാലം എന്നും ഒരു ഭൂതം തന്നെ!